Sunday 7 December 2008

ഇടിവെട്ട് നാടകം

ഞാന്‍ കട്ടചെല്‍ സെവന്ത് ഡേ സ്കൂളില്‍ പഠിച്ചിരുന്ന കാലം . അന്നൊക്കെ സ്കൂളില്‍ സ്പോര്‍ട്സ് ,ആനുവേര്സരി ഒകെ വരുമ്പോഴാണ് കുറച്ചു ഷോ ഒക്കെ ഇറക്കാന്‍ അവസരം കിട്ടുനത്‌ . എന്തെങ്കിലും പരിപാടിയൊക്കെ, ചാടി കേറി അങ്ങ് ഏറ്റെടുക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു അന്ന് . ഇനി ഏറ്റെടുത്തില്ലെങ്കില്‍ പോലും ആരെങ്കിലും കൊണ്ടു അടിച്ചേല്‍പ്പിക്കും . എന്തായാലും വിലസാന്‍ കിട്ടുന്ന അവസരം അല്ലേ ?? അങ്ങനെ പാഴാക്കരുതല്ലോ ?

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴത്തെ ഒരു അനുവേര്സരി അടുത്ത്. ഈ പ്രാവിശം എന്തെങ്കിലും ഇടിവെട്ട് പരിപാടി തന്നെ വേണമെന്നു ഞാനും സാമും കു‌ടി പ്ലാന്‍ ചെയ്തു. എങ്കില്‍ ഒരു നാടകം കളിക്കാം എന്ന ഐഡിയ ഞാന്‍ ഇട്ടു . " നാടകം എന്നൊക്കെ പറഞ്ഞാ, എവിടുന്നു ഒപ്പിക്കും !! " സാമിന് ആകെ ഒരു ഡൌട്ട് പോലെ . " അതിനെ കുറിച്ചൊന്നും നീ പേടിക്കണ്ട, അതൊക്കെ ഞാന്‍ ഏറ്റു. " എന്ന് പറഞ്ഞു നാടകം കൊണ്ടുവരുന്ന ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്ത് . നാടകം കൊണ്ടു വന്നാല്‍, നായകന്‍ ഞാന്‍ തന്നെ എന്ന ഒരു ഗൂഡ ഉദേശവും ഉണ്ടായിരുന്നു അതിന്ടെ പിന്നില്‍ . ഇതു പറഞ്ഞെന്കിലും നാടകം എവിടെ നിന്നും ഒപ്പിക്കുമെന്നതായിരുന്നു പ്രശ്നം . അവന്‍ നാടകം എങ്ങാനം കൊണ്ടുവന്നാ പിന്നെ അവനെ നായകന്‍ ആക്കേണ്ടി വരും . ഒട്ടും താമസിക്കാതെ ഞാന്‍ നാടകത്തിണ്ടേ അന്വഷണം തുടങ്ങി .

വീടിനു അടുത്ത്‌ ഒരു UP സ്കൂള്‍ ലൈബ്രറി ഉണ്ട് എന്ന കാര്യം അപ്പോഴാണ്‌ എനിക്ക് ഓര്‍മ വന്നത് . അവിടെ പോയാല്‍ ചിലപ്പോ വല്ല നാടകവും കിട്ടിയേക്കും എന്ന് വിചാരിച്ചു ഞാന്‍ അവിടെ ചെന്നു . സ്കൂള്‍ മാനേജരിണ്ടേ കാല്‍ പിടിച്ചു എങ്ങനെ എങ്കിലും ലൈബ്രറിയില്‍ കേറി പറ്റി നാടകം തപ്പി തുടങ്ങി . പുസ്തകങ്ങള്‍ ഒരുപാട് ഉണ്ട് . എങ്കിലും ഇതില്‍ നാടകം കാണുവോ എന്നതാണ് പ്രശ്നം . ഒരു 15 കൊല്ലം ആയിട്ടു ആരും ആ ലൈബ്രരിയിലോട്ടു കേറിയിട്ടില്ലന്നാ തോന്നിയത് . ഒരു മാതിരി ഭാര്‍ഗവി നിലയം പോലെ കിടക്കുന്നു . " എന്നെ പോലെ, പുസ്തകങ്ങള്‍ വായിച്ചു , വിജ്ഞാനം ഉണ്ടാക്കുന്ന സ്വഭാവം ഒന്നും ആ സ്കൂളിലെ പിള്ളേര്‍ക്ക് എവിടെ കാണാന്‍ ?? " എന്നൊക്കെ ചിന്ദിച്ചു ഞാന്‍ ഓരോ പുസ്തകങ്ങള്‍ തുറന്നു തിരിച്ചും മറിച്ചും ഒക്കെ നോക്കി . അവസാനം ഒരു നാടക പുസ്തകം കിട്ടി . ഒരു 5 നാടകം കാണും . പേരൊക്കെ വായിച്ചു നോക്കിട്ടു ഒന്നും ഒരു സുഖം ഇല്ല . കാഴ്ചക്കാരെ പിടിച്ചു ഇരുത്താന്‍ പറ്റിയ സംഭവങ്ങള്‍ ഒന്നും ഇല്ല . എല്ലാം ഒരു നാടന്‍ സെറ്റ്-അപ് . എന്തായാലും വേറെ നാടകങ്ങള്‍ ഒന്നും കിട്ടാത്ത സ്ഥിതിക്ക്, ഇതില്‍ നിന്നു തന്നെ ഒരണ്ണം തപ്പി എടുക്കണം എന്ന് വിചാരിച്ചു ഞാന്‍ വീട്ടിലേക്ക് നടന്നു .

വീടിലെത്തി അതിലുള്ള നാടകങ്ങല്ടെ തുടക്കം കുറച്ചൊക്കെ വായിച്ചു നോക്കി. എല്ലാം , വായിച്ചു തുടങ്ങിയപ്പോ തന്നെ എന്നിക്ക് ബോര്‍ അടിച്ച് . അപ്പൊ പിന്നെ കാണുന്നവരുടെ സ്ഥിതി എന്താരിക്കും ? . എന്തായാലും സാരമില്ല .. നായകന്‍ ആവുന്നതാണ് പ്രധാനം . ഇതൊക്കെ വല്ല പ്രിയദര്ശന്നോ , സത്യന്‍ അന്തികാടോ ഒക്കെ കണ്ടാല്‍, ഭാവിയിലെ ഒരു മമ്മു‌ട്ടി ആവില്ലന്നു ആര് കണ്ടു . എന്തായാലും ആളുകളെ ത്രസിപ്പിക്കുന്ന അഭിനയം കാഴ്ച്ചവക്കണം എന്ന് വിചാരിച്ചു കണ്ണടച്ച് ഒരു നാടകം അങ്ങ് സെലക്റ്റ് ചെയ്തു . ' സാക്ഷര കേരളം ' ... അതാണ്‌ നാടകത്തിന്റെ പേരു . സംഭവം മലപ്പുറത്ത്‌ ഉള്ള ഒരു ഗ്രാമത്തിനെ ചുറ്റി പറ്റി ഉള്ള കഥയാണ്‌ .കാദറിക്ക എന്ന ഒരു ചായക്കടക്കാരനെ സാക്ഷരത ക്ലാസ്സിലോട്ടു ക്ഷണിക്കാന്‍ , സന്ഘാടകര്‍ വരുന്നതാണ് സന്ദര്‍ഭം . ഇതൊക്കെ നാടകം ആക്കിയാല്‍ വല്ല ചീമൊട്ട എറിയും കിട്ടുവോന്നു എനിക്ക് ഒരു ഡൌട്ട് ഇല്ലാതെ ഇല്ലാരുന്നു . എങ്കിലും സ്കൂളൊക്കെ ആവുമ്പോ , അധികം പ്രശ്നം ഒന്നും കാണില്ല എന്ന് വിചാരിച്ചു രണ്ടും കല്‍പ്പിച്ചു അത് അങ്ങ് ഒറപ്പിച്ചു .

അങ്ങനെ ഇടിവെട്ട് നാടകം കിട്ടി എന്ന് പറഞ്ഞു ഞാന്‍ അടുത്ത ദിവസം സ്കൂളില്‍ എത്തി . അപ്പൊ ദെ സാം വേറെ ഒരു നാടകവുമായി നിക്കുന്നു . " എടാ ഞാന്‍ ഒരു നാടകം എഴുതി , നമ്മക്ക് അത് അങ്ങ് കളിച്ചാലോ ? " എന്ന് സാം . " ഒന്നു പോടാ, എന്റെ കയ്യില്‍ നല്ല ഒരു കഥാ മു‌ല്യം ഉള്ള നാടകം ഉണ്ട് . അത് മതി . " ഞാന്‍ നാടകം ഉറപ്പിച്ചു കഴിഞ്ഞ പോലെ പറഞ്ഞു . " എങ്കിലും നീ പേടിക്കണ്ടാ, ഈ നാടകം കഴിഞ്ഞിട്ട് അതും വേണോങ്കി കളിക്കാം . പക്ഷെ രണ്ടിലും ഞാനായിരിക്കും നായകന്‍ . " എന്ന് പറഞ്ഞു ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ നോക്കി . " അത് പറ്റില്ല, ഞാന്‍ കൊണ്ടു വന്ന നാടകത്തില്‍ ഞാന്‍ തന്നെയാ നായകന്‍ . നിന്ടെതില്‍ നീ ആയിക്കോ !! " അവന്‍ വിട്ടു തരുന്ന ലക്ഷണം കണ്ടില്ല . " എന്ക്കില്‍ ശരി നമ്മക്ക് . രിഹ്ഹെര്സല് തുടങ്ങാം , വരുന്ന ശനിയഴിച്ചയാണ് അനുവേര്ശേരി. " ഇതു പറഞ്ഞുകൊണ്ട് ഞാന്‍ dialog ഒക്കെ ഒന്നു പറഞ്ഞു നോക്കി . ക്ലാസ്സില്‍ ഉള്ള ഒന്നു - രണ്ടു പിള്ളേരെ കു‌ടി സന്ഘടിപ്പിക്കണം , എന്നാലേ നാടകം നടക്കു . അങ്ങനെ ചോക്ലറ്റ് ഒക്കെ സ്പോണ്‍സര്‍ ചെയ്തു 2-3 പേരെ കു‌ടി ഒപ്പിച്ചു . മലപ്പുറം സ്റ്റൈലില്‍ ഉള്ള dialog ആയതു കൊണ്ടു കാണാതെ പഠിച്ചിട്ടു ഒരു രക്ഷയും ഇല്ല . ഒന്നും ഓര്മ നിക്കുന്നില്ല . എന്തായാലും ഭാവിയില്‍ ഒരു മമ്മു‌ട്ടി ആവുമ്പോ ഈ പ്രശനം ഒക്കെ മാറിക്കോളും എന്ന് കരുതി ഞാന്‍ dialog ഒക്കെ പ്രക്ടിസ് ചെയ്തു .

അങ്ങനെ അനുവേര്സരി ദിവസം എത്തി .ഞാന്‍ അപ്പുറത്തെ വീടിലെ മുല്ലാക്കയുടെ കൈയിന്നു ഒപ്പിച്ച ഒരു മുസ്ലിയാരുടെ വേഷം ഒക്കെ ഇട്ടു, സൌണ്ട് ഒക്കെ ഒന്നു മാറി , ഒരു മാമു‌ക്കോയ സ്റ്റൈല്‍ dialog ഒക്കെ ഒന്നു പറഞ്ഞു നോക്കി . " ഹൊ !! ഇടിവെട്ട് തന്നെ. എന്റെ ഒരു കഴിവേ " എന്ന് കരുതി ഞാന്‍ ഒന്നു കുളിര് കോരി . പെട്ടന്ന് സ്റ്റേജില്‍ നിന്നും വിളി വന്നു . " അടുത്ത ബെല്ലോടു കു‌ടി നാടകം ആരംഭിക്കയായി . സാക്ഷര കേരളം !!! " . ഉടുത്തിരുന്ന ലുന്കി ഒരു കൈ കൊണ്ടു മുറുക്കി പിടിച്ചോണ്ട് ഞാന്‍ സ്ടെജിലേക്കു ഓടി . ആദ്യത്തെ സീന്‍ മാമു‌ക്കോയ സ്റ്റൈലില്‍ Dialog ഒക്കെ പറഞ്ഞു ഞാന്‍ തകര്‍ത്തു . ഇടക്ക് ആരെങ്കിലുമൊക്കെ ഉറങ്ങുനുടോന്നു ഞാന്‍ ശ്രദ്ധിക്കാതെ ഇരുന്നില്ല . അങ്ങനെ രണ്ടാം സീന്‍ ആയി . ഇതില്‍ സാക്ഷരതാ സന്ഘാടകര്‍ കാദരിക്കയെ വീട്ടില്‍ വന്നു കണ്ടു , ക്ലാസിനു ക്ഷണിക്കുന്ന സീന്‍ ആണ് . സാം സന്ഘാടകാന്‍ ആയിട്ടു വന്നു. " കാദറിക്ക, ഇങ്ങടെ കുടീല് ആരക്കെയ ഒള്ളെ ? " . സാം ആദ്യത്തെ dialog പറഞ്ഞു . " ഹി , ഹി എന്റെ മാഷേ . എനക്ക് 5 നിക്കാഹുവിലായി 15 കെട്ടിയോലു ആണ് ഉള്ളത് " എന്ന് ഞാന്‍ മറുപടി dialog പറഞ്ഞു തീര്‍ന്നതും .. കണ്ടുകൊണ്ടു ഇരുന്നവര്‍ എല്ലാം കു‌ടി ഒറ്റച്ചിരി . " എടാ dialog തെറ്റി . " സാം പതുക്കെ പറഞ്ഞു . "എന്ത് തെറ്റു , ഞാന്‍ കറക്റ്റ് അല്ലേ പറഞ്ഞെ ? .. നീ calculate ചെയ്തു നോക്കു . ഒരു നിക്കാഹില്‍ 3 എണ്ണം വച്ചു കെട്ടിയാ മതിയല്ലോ 15 കെട്ടിയോള്‍ ആവില്ലേ ?? " . "എടാ അത് 15 കെട്ടിയോള്‍ എന്നല്ല , 15 കുട്ടിയോള്‍ എന്നാ . " സാം വീണ്ടും പതുക്കെ പറഞ്ഞു . ഞങ്ങള്‍ടെ അടക്കം പറച്ചില്‍ കണ്ടു കാഴ്ചക്കാര്‍ അസ്വസ്തര്‍ ആയി . "ആരും പോകരുത് , ശരിക്കും പുള്ളിക് 15 കുട്ടിയോള്‍ ആണ് കെട്ടിയോള്‍ അല്ല , അവന് തെറ്റി പോയതാ " എന്ന് സാം മൈക്കിലുടെ പറഞ്ഞതും, ആളുകള്‍ വഷളായി തുടങ്ങി . പിന്നെ ഞങ്ങള്‍ ഒരു നിമിഷം പോലും സ്റ്റേജില്‍ നിന്നില്ല . പുറകിലത്തെ കര്‍ട്ടന്‍ മാറ്റി ഒറ്റ ഓട്ടം . എന്നിട്ട് പുറകില്‍ പോയി , അനൌണ്‍സ് ചെയ്തു " ചില സാങ്കേതിക കാരണങ്ങളാല്‍ , നാടകത്തില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നു . നിങ്ങള്‍ക്ക് വേണ്ടി , ഞങ്ങള്‍ സ്വന്ദമായി എഴുതി സംവിധാനം ചെയ്ത നാടകം ഉടനേ ആരംഭിക്കുകയായി ' , കാക്കേ കാക്കേ കുടെവിടെ . അഥവാ കു‌ടെവിടെ കാക്കേ കാക്കേ. " ഇതു കേട്ടതും , അവിടെ ഉണ്ടായിരുന്ന എല്ലാരും , ഞങ്ങള്‍ ഓടിയത്തിലും സ്പീഡില്‍ പുറത്തേക്ക് ഒരു ഓട്ടം . അങ്ങനെ ഇതു എന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമായി . !!